വാഷിങ്ടൺ: ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം യൂറോപ്യൻ ലിബറലുകളുടെ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും യൂറോപ്യൻ നേതാക്കൾ അത് അവഗണിച്ചുവെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിൽ ആരോപിച്ചു.
വൈവിധ്യത്തിന്റെയും സഹാനുഭൂതിയുടെയും പേരിൽ മൂന്നാംലോകരാജ്യങ്ങളിൽനിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും കൊണ്ടുവന്നപ്പോൾ, അവർക്ക് പ്രാദേശിക സമൂഹവുമായി എത്രത്തോളം ഇണങ്ങിച്ചേരാനാകുമെന്ന അടിസ്ഥാന ചോദ്യങ്ങൾ അവഗണിച്ചെന്നാണ് വാൻസിന്റെ വിമർശനം. ഇത്തരം നയങ്ങൾ ഇന്നത്തെ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഫ്രാൻസിൽ കൂടുതൽ സ്മാരകങ്ങൾ അഗ്നിക്കിരയാകുന്നതിനു മുൻപ് പ്രതിഷേധങ്ങൾക്ക് അവസാനമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായും വാൻസ് കുറിച്ചു. അമേരിക്കക്കാരും ഫ്രാൻസിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കണമെന്നും ഇതേ സാഹചര്യം അമേരിക്കയിലും സൃഷ്ടിക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫ്രാൻസിലെ ഒരു സിറ്റി ഹാൾ അഗ്നിക്കിരയാക്കുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പമായിരുന്നു പ്രതികരണം.
വിദ്യാഭ്യാസം, തൊഴിൽസാഹചര്യങ്ങൾ, പൊതുചെലവ് തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകൾക്കു പിന്നാലെയാണ് ഫ്രാൻസിൽ പ്രതിഷേധങ്ങൾ ശക്തമായത്. രാജ്യവ്യാപകമായി 5.5 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. പാരീസിൽ മാത്രം 1.1 ലക്ഷം പേർ പങ്കെടുത്തു. വിവിധ നഗരങ്ങളിൽ പൊതുകെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. പാരീസിൽ കടകളും ഭക്ഷണശാലകളും ആക്രമിക്കപ്പെട്ടപ്പോൾ ബോർഡോയിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയ ബ്രാൻഡുകളുടെ ഷോറൂമുകൾക്കുനേരെയും ആക്രമണമുണ്ടായി. വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഫ്രാൻസിനു പുറമെ അൽബേനിയ, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
