തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ മാനുഷികമൂല്യങ്ങൾ കുറഞ്ഞുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനത്തിന് മുന്നിൽ നായയോ പൂച്ചയോ ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യരെന്നും എന്നാൽ ദയയും കനിവുമില്ലാത്ത സമൂഹമായി നമ്മൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാ-കായിക കഴിവുകൾ വളർത്തി അവരെ നല്ല മനുഷ്യരായി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഫിഗർ ആർട്ടിസ്റ്റ് കളക്ടീവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഹനത്തിന് എന്തെങ്കിലും സംഭവിക്കുമെന്നു കരുതിയല്ല, മറിച്ച് ഒരു ജീവൻ രക്ഷിക്കാനാണ് സാധാരണക്കാർ ബ്രേക്ക് ചവിട്ടുന്നത്. എന്നാൽ മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കാത്ത മനോഭാവം വളരുന്നത് ആശങ്കാജനകമാണ്. നെടുമ്പാശ്ശേരി അപകടത്തിൽ ഒരു യുവാവ് മറ്റു മൂന്ന് യുവാക്കളുടെ ജീവന് വിലകൽപ്പിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ അപകടമുണ്ടാക്കിയവർക്ക് മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തുംമുമ്പ് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇത്തവണ പ്രതിക്ക് ജാമ്യം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാമനസ്സുള്ളവരിൽ ദയയും കനിവും ഉണ്ടാകുമെന്നും അതിനാൽ കുട്ടികളെ പണക്കാരായോ പ്രമാണിമാരായോ വളർത്തുന്നതിനു പകരം അവരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിച്ച് നല്ല മനുഷ്യരാക്കുകയാണ് വേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. പ്രതിക്ക് കോടതിയിൽനിന്നുപോലും ഇളവ് ലഭിക്കാത്തത് അയാളിൽ നിഷ്കളങ്കതയില്ലാത്തതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം അപകടങ്ങൾ ഓരോ കുടുംബത്തിലും സൃഷ്ടിക്കുന്ന ദുരന്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുള്ളവർ മാത്രം വാഹനമോടിക്കണമെന്ന നിലപാട് സ്വീകരിച്ചതിനു പിന്നിലും ഇത്തരം സംഭവങ്ങൾ ഉയർത്തുന്ന ആശങ്കകളാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
