Home Top Storiesലൈസൻസില്ലാത്ത സ്പാകൾ പൂട്ടിക്കും; നിയമനിർമാണത്തിന് സർക്കാർ ആലോചന, നടപടികൾ കടുപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

ലൈസൻസില്ലാത്ത സ്പാകൾ പൂട്ടിക്കും; നിയമനിർമാണത്തിന് സർക്കാർ ആലോചന, നടപടികൾ കടുപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

by news_desk1
0 comments

തൃശൂർ: ലൈസൻസില്ലാതെയും നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത സ്പാകളിൽ ലൈംഗിക ചൂഷണം വ്യാപകമാണെന്ന പരാതികൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് നാല് ദിവസമായി പൊലീസ് പരിശോധനകൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത സ്പാകൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അക്രമസംഭവങ്ങളും കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു. പദ്ധതിയുടെ പ്രവർത്തനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും എല്ലാ ജില്ലകളിലും എല്ലാ മേഖലകളിലും പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തിലധികം കുറഞ്ഞതായും അക്രമസംഭവങ്ങളും കൊലപാതകങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കുറഞ്ഞുവരുന്നതായും മന്ത്രി അവകാശപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like