തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16 വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപീകരിച്ചു. കേസിലെ അന്തർസംസ്ഥാന ബന്ധങ്ങൾ കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണച്ചുമതല നൽകിയതെന്ന് എഡിജിപി പി. വിജയൻ അറിയിച്ചു. സ്പാകളെ അനാശാസ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുർവേദത്തിന്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണെന്ന് എഡിജിപി പറഞ്ഞു. നിയമാനുസൃതമായി സ്പാ ബിസിനസ് നടത്തുന്നവർക്ക് എതിർപ്പില്ലെന്നും എന്നാൽ ഇത്തരം സ്ഥാപനങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കളമശേരി കേസിനെ പരാമർശിച്ച്, ഇത്തരം ശൃംഖലകളിൽ ഒരാൾ മാത്രമല്ല, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയെ ബെംഗളൂരുവിലെത്തിച്ചശേഷം ചെന്നൈ വഴി കേരളത്തിലേക്ക് കൊണ്ടുവന്നെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരമെന്ന് എഡിജിപി വ്യക്തമാക്കി. പെൺകുട്ടിയെ ചൂഷണം ചെയ്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്പായിലെത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതികളുടെ എണ്ണം വർധിച്ചേക്കാമെന്ന സൂചനയുമുണ്ട്. പെൺകുട്ടിയെ ഉപദ്രവിച്ചവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലും പെൺകുട്ടി പീഡനത്തിനിരയായതായി സംശയിക്കുന്നുണ്ട്.
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് വിവരം. തുടർന്ന് വിവിധ സ്പാകളിൽ പാർപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. പീഡനം സഹിക്കാനാകാതെ സ്പായിലെ മലയാളിയായ ജീവനക്കാരനൊപ്പം പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പണം നൽകി കുട്ടിയെ കൈമാറിയതായി ആരോപണമുള്ള ഇളയമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടി പൊലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പോയതായാണ് വിവരം. ആന്ധ്രയിൽ പിടിയിലായ പെൺകുട്ടിയുടെ ഇളയമ്മയെയും അവരുടെ ഭർത്താവിനെയും തിരുവനന്തപുരത്ത് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, സ്പാകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുണ്ടെന്ന സംശയത്തെത്തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും പരിശോധിച്ചുവരികയാണ്. സ്പാകളിൽനിന്നുള്ള പണം ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നുവെന്നാണ് സംശയം. അറസ്റ്റിലായ നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളത്തെ സ്പായിലെ സ്ഥിരം സന്ദർശകനുമാണ് ഇയാളെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരം. ആരോപണങ്ങളിൽ ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.
