ടെൽ അവീവ്: ഡോണൾഡ് ട്രംപിന് ശേഷം അമേരിക്കയിൽ ഇസ്രയേലിനോട് ശത്രുതാപരമായ നിലപാടുള്ള പ്രസിഡന്റ് അധികാരത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിച്ച് ഇസ്രയേലിന്റെ സുരക്ഷയും തന്ത്രപരമായ നിലയും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രസിഡന്റ് കാലാവധിയുടെ ശേഷിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രയേൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ നയങ്ങളിൽ ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത്, നിലവിലെ ഭരണകാലത്ത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയ്ക്കകത്തും പുറത്തുമുള്ള കൂടുതൽ രാജ്യങ്ങളുമായി സഖ്യങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പരാമർശിച്ചുകൊണ്ട്, ആഗോളതലത്തിൽ നിർണായക പങ്കുവഹിക്കാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും മറ്റ് രാജ്യങ്ങളുമായും ബന്ധം വിപുലീകരിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ പങ്കാളിത്തങ്ങളിലൂടെ ഇസ്രയേലിന്റെ തന്ത്രപരമായ ശേഷികൾ വികസിപ്പിക്കുകയും പരസ്പര പ്രയോജനകരമായ സഹകരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇസ്രയേലിന് പുതിയ സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള അവസരമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ബ്രസീലിൽ അടുത്ത ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവവികാസങ്ങൾ പ്രയോജനപ്പെടുത്തി ഇസ്രയേലിന്റെ സഖ്യങ്ങളുടെ നിര വിപുലീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സ്ഥാനാർഥിത്വത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഭാവിയിലെ അമേരിക്കൻ നയമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കവും ഇസ്രയേലിന്റെ പുതിയ സുരക്ഷാ സമീപനത്തിൽ പ്രധാന ഘടകങ്ങളാകുമെന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
