കൊച്ചി: ജർമനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ മൃതദേഹം രാത്രി 8.15ഓടെ നെടുമ്പാശേരിയിലെത്തിക്കും.
ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ പുലർച്ചെ 1.20ഓടെയാണ് അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങൾ എത്തിയത്. ബന്ധുക്കൾ ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയാണ് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്.
അഞ്ജലി ഷീല ജോയിയുടെ സംസ്കാരം ചെമ്മനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കും. കാലടി തോട്ടകം സ്വദേശിയായ സിവിൻ ജോണിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സിവിന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടക്കും.
ജോലി തേടിയാണ് സിവിൻ ഒരു മാസം മുമ്പ് ജർമനിയിലേക്ക് പോയത്. പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷകളുമായി വിദേശത്തെത്തിയ സിവിന്റെ അപ്രതീക്ഷിത മരണം കുടുംബത്തിനും നാടിനും തീരാനൊമ്പരമായി.
ഈ മാസം 14നാണ് ജർമനിയിലെ ബോഹുമിലുള്ള അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ജലി ഷീല ജോയി, സിവിൻ ജോണി, നോവ സാബു എന്നിവർ മരിച്ചത്.
