തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് ഓം പ്രകാശ് മാഥുർ ചുമതലയേറ്റത്.
സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മാഥൂറിനെ കേരള ഗവർണറായി നിയമിക്കുകയായിരുന്നു. തമിഴ്നാട് ഗവർണറായി ചുമതലയേൽക്കുന്നതിനായി പോകുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം കേരളത്തിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, മുതിർന്ന ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തേ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയും ഗാർഡ് ഓഫ് ഓണറോടെയും സ്വീകരിച്ചു. മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി. വി. രാജേഷ് തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചുമതലയേറ്റശേഷം കേരളത്തിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലുള്ള സന്തോഷം ഗവർണർ മാധ്യമങ്ങളോട് പങ്കുവച്ചു. “ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു ചുമതലയ്ക്ക് തുടക്കം കുറിക്കുന്നതിൽ വലിയ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഭരണഘടനാപരമായ പിന്തുണ നൽകുമെന്നും ഓം പ്രകാശ് മാഥുർ ഉറപ്പുനൽകി.
