വിജിലൻസിന്റെ രഹസ്യസ്വഭാവമോ, അഴിമതിക്കുള്ള മറയോ?
വിവരാവകാശ നിയമം ജനാധിപത്യത്തിന്റെ കണ്ണാണ്. അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് അറിയാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും അവസരമൊരുക്കുന്ന ഈ നിയമം സുതാര്യഭരണത്തിന്റെ അടിസ്ഥാനശിലയാണ്. എന്നാൽ ആ കണ്ണിന് മുകളിൽ മറയിടുന്ന നടപടികളാണ് കേരളത്തിൽനിന്ന് പുറത്തുവരുന്നത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ നിർണായകമായ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ഗൗരവമായ ജനാധിപത്യചർച്ചയ്ക്ക് വഴിതുറക്കേണ്ടതാണ്. ഒക്ടോബർ 22ന് പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിലെ 24(4) വകുപ്പ് പ്രയോഗിച്ചാണ് ഈ വിഭാഗങ്ങളെ രഹസ്യാന്വേഷണ ഏജൻസികളുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തള്ളിക്കളയാനാവില്ല. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും അന്വേഷണങ്ങളുടെ വിശ്വാസ്യത നിലനിർത്താനും ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടിവരും. എന്നാൽ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടതിന്റെ പേരിൽ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം വ്യാപകമായി പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. രഹസ്യാന്വേഷണവും ഉത്തരവാദിത്വമില്ലാത്ത ഭരണവും രണ്ടാണ്. ഒന്നാമത്തേത് നീതിയുക്തമായ അന്വേഷണത്തിന് അനിവാര്യമായേക്കാം; രണ്ടാമത്തേത് അഴിമതിക്കും അധികാരദുരുപയോഗത്തിനും വഴിയൊരുക്കും. ഈ വ്യത്യാസം തിരിച്ചറിയുന്നതിലാണ് സർക്കാരിന്റെ ജനാധിപത്യബോധം തെളിയേണ്ടത്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഴിമതിക്കേസുകൾ അന്വേഷിക്കുന്ന സ്ഥാപനമാണ് വിജിലൻസ്. അധികാരത്തിന്റെ സ്വാധീനത്തിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഈ ഏജൻസിയുടെ സുതാര്യത പൊതുജനവിശ്വാസത്തിന് നിർണായകമാണ്. വിജിലൻസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ അവയ്ക്ക് നിയമപരമായ പരിധിക്കുള്ളിൽ മറുപടി ലഭിക്കണം. എന്നാൽ നിർണായക വിഭാഗങ്ങളെ വിവരാവകാശത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നത് അന്വേഷണങ്ങളുടെ മേൽ പൊതുനിരീക്ഷണം ദുർബലമാകുമെന്ന ആശങ്ക ഉയർത്തുന്നു. വിവരാവകാശ നിയമം അന്വേഷണ ഏജൻസികളുടെ എല്ലാ ഫയലുകളും പരസ്യപ്പെടുത്തണമെന്നല്ല ആവശ്യപ്പെടുന്നത്. അന്വേഷണം പുരോഗമിക്കുമ്പോൾ അതിനെ ബാധിക്കുന്ന വിവരങ്ങൾ നിഷേധിക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ട്. വ്യക്തികളുടെ സ്വകാര്യത, സാക്ഷികളുടെ സുരക്ഷ, തെളിവുകളുടെ രഹസ്യസ്വഭാവം തുടങ്ങിയവ സംരക്ഷിക്കാനും സാധിക്കും. അതിനാൽ ഓരോ വിവരത്തിന്റെയും സ്വഭാവവും അത് പുറത്തുവിടുന്നതിന്റെ പ്രത്യാഘാതവും പരിശോധിച്ചുള്ള നിയന്ത്രണങ്ങളാണ് വേണ്ടത്. ഒരു വിഭാഗത്തെ മുഴുവനായി ഒഴിവാക്കുന്നത് അതിനുള്ള ഏറ്റവും സുതാര്യമായ മാർഗമാണോ എന്ന ചോദ്യം സർക്കാരിന് ഒഴിവാക്കാനാവില്ല. വിവരാവകാശത്തിന്റെ പരിധിയിൽനിന്ന് ഏതെല്ലാം ഫയലുകളെ ഒഴിവാക്കണമെന്നതിൽ വിജിലൻസ് ഡയറക്ടർക്ക് അധികാരം നൽകുന്ന വ്യവസ്ഥയും സൂക്ഷ്മപരിശോധന അർഹിക്കുന്നു. വ്യക്തമായ മാനദണ്ഡങ്ങളും സ്വതന്ത്രമായ പരിശോധനാസംവിധാനവും അപ്പീൽ സാധ്യതയും ഇല്ലെങ്കിൽ ഇത്തരം അധികാരം ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് ഇടയാക്കാം. വിവരങ്ങൾ നിഷേധിക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയും നിയമപരമായ പരിശോധനയ്ക്ക് വഴിയൊരുക്കുകയും വേണം. അല്ലാത്തപക്ഷം വിവരാവകാശത്തിന്റെ പരിധി നിശ്ചയിക്കാനുള്ള അധികാരം തന്നെ വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ഉപാധിയായി മാറാം. 2016ൽ സമാനമായ നീക്കം പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചതാണ്. അത് പുനപ്രതിഷ്ഠിക്കുകയാണ് സർക്കാർ. അങ്ങനെയെങ്കിൽ, ഇപ്പോൾ വീണ്ടും ഈ നടപടിയിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യം സർക്കാർ വിശദീകരിക്കണം. മുമ്പ് ഉപേക്ഷിച്ച തീരുമാനത്തെ വീണ്ടും നടപ്പാക്കാൻ എന്ത് പുതിയ ആവശ്യമാണ് ഉണ്ടായത്? വിജിലൻസിന്റെ പ്രവർത്തനത്തിൽ ഏതു പ്രത്യേക പ്രശ്നമാണ് നിലവിലെ നിയമവ്യവസ്ഥകൾകൊണ്ട് പരിഹരിക്കാനാകാത്തത്? ഒഴിവാക്കൽ എത്രത്തോളം അനിവാര്യമാണ്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യം പ്രധാനമാണ്. അതുപോലെതന്നെ അവയുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വവും അനിവാര്യമാണ്. സ്വാതന്ത്ര്യം എന്നത് പരിശോധനയിൽനിന്നുള്ള മോചനമല്ല; നിയമപരമായ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുള്ള അവകാശമാണ്. സുതാര്യതയില്ലാത്ത സ്വാതന്ത്ര്യം അധികാരകേന്ദ്രീകരണത്തിലേക്ക് വഴുതാം. അതിനാൽ അന്വേഷണത്തിന്റെ രഹസ്യസ്വഭാവവും പൊതുതാൽപര്യവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കണം.
സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കണം. ഒഴിവാക്കലിന്റെ പരിധി, ഫയലുകൾ വർഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, വിവരങ്ങൾ നിഷേധിക്കാനുള്ള കാരണങ്ങൾ, അവയുടെ നിയമപരമായ പരിശോധന എന്നിവയിൽ വ്യക്തത ഉറപ്പാക്കണം. അന്വേഷണത്തെ ബാധിക്കാത്തതും പൊതുതാൽപര്യമുള്ളതുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കണം. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ സംരക്ഷിക്കപ്പെടട്ടെ; എന്നാൽ അഴിമതിയെക്കുറിച്ച് അറിയാനും അധികാരത്തെ ചോദ്യം ചെയ്യാനുമുള്ള ജനങ്ങളുടെ അവകാശം അനാവശ്യമായി തടയപ്പെടരുത്. ജനാധിപത്യത്തിൽ ഭരണകൂടം ജനങ്ങളെ ഭരിക്കാനുള്ള അധികാരം മാത്രമല്ല, ജനങ്ങളോട് കണക്കുപറയാനുള്ള ബാധ്യതയും ഏറ്റെടുക്കുന്നു. വിവരാവകാശ നിയമം ആ ബാധ്യത ഉറപ്പാക്കുന്ന ഉപകരണമാണ്. അതിന്റെ പരിധി ചുരുക്കുന്ന ഓരോ തീരുമാനവും പൊതുതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ന്യായീകരിക്കപ്പെടണം. അന്വേഷണങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കപ്പെടണം; അതിന്റെ മറവിൽ പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം ഇരുട്ടിലാകരുത്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള വഴികൾ അടയുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നിയമത്തിന്റെ കരുത്ത് മാത്രമല്ല-ജനാധിപത്യത്തിന്റെ സുതാര്യതയും വിശ്വാസ്യതയുമാണ്.
