കാസർകോട്: നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ തീരുമാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപിയിൽ തർക്കം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനിയും വ്യത്യസ്ത അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും പോര് ശക്തമായി.
പൂനെ–എറണാകുളം എക്സ്പ്രസ്, രാമേശ്വരം–മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾക്കാണ് കാസർകോട് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. താൻ അയച്ച കത്ത് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം തീരുമാനമെടുത്തതെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെയും ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്നാണ് ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനിയുടെ വാദം. ഇരുവർക്കും നന്ദി അറിയിച്ചുകൊണ്ട് അശ്വിനിയും സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ട്രെയിൻ സ്റ്റോപ്പ് അനുവദിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ആദ്യം അവകാശവാദവുമായി രംഗത്തെത്തിയത് ജില്ലാ അധ്യക്ഷയായിരുന്നു. എന്നാൽ റെയിൽവേ മന്ത്രിക്ക് താൻ നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനമുണ്ടായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതോടെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള തർക്കം പരസ്യമായി. ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെയുള്ള കമന്റുകളിലും ഈ തർക്കം പ്രകടമാണ്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നത് നീലേശ്വരത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ തീരുമാനം യാത്രാക്ലേശം ഒരു പരിധിവരെ കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് പ്രയോജനകരമായ തീരുമാനമുണ്ടായെങ്കിലും അതിന്റെ നേട്ടം ആർക്കെന്നതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ തർക്കം രൂക്ഷമാകുകയാണ്.
