Home Entertainmentപ്രായത്തിൽ ഇളയത്, പക്ഷേ സിനിമയിൽ എന്റെ ചേച്ചി; സ്വാസികയെക്കുറിച്ച് മനസ്സുതുറന്ന് ദുൽഖർ

പ്രായത്തിൽ ഇളയത്, പക്ഷേ സിനിമയിൽ എന്റെ ചേച്ചി; സ്വാസികയെക്കുറിച്ച് മനസ്സുതുറന്ന് ദുൽഖർ

by news_desk1
0 comments

കൊച്ചി: പ്രായത്തിൽ താനേക്കാൾ ഇളയതാണെങ്കിലും സിനിമയിൽ ചേച്ചിയുടെ വേഷം മനോഹരമായി അവതരിപ്പിച്ച സ്വാസികയെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിലാണ് സ്വാസിക ദുൽഖറിന്റെ ചേച്ചിയായി എത്തുന്നത്. കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിച്ച സ്വാസികയ്ക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്നും ദുൽഖർ പറഞ്ഞു.

“സിനിമയിൽ എന്റെ ചേച്ചിയായിട്ടാണ് സ്വാസിക അഭിനയിക്കുന്നത്. എന്നാൽ അവർക്ക് എന്നേക്കാൾ പ്രായം കുറവാണ്. എന്നിട്ടും ഈ വേഷം ഏറ്റെടുത്തതിന് നന്ദി. നിങ്ങളോടൊപ്പം ഓരോ ദിവസവും ചിത്രീകരണത്തിൽ ചെലവഴിച്ചത് നല്ല അനുഭവമായിരുന്നു. നിങ്ങളുടെ അഭിനയം അത്രത്തോളം സ്വാഭാവികവും വിശ്വസനീയവുമായിരുന്നു. അതുകൊണ്ട് ഞാൻ ശരിക്കും നിങ്ങളുടെ അനിയനാണെന്ന് തോന്നിപ്പോയി. അത്രയും മികച്ച അഭിനേത്രിയാണ് നിങ്ങൾ,” എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവംബർ 20ന് ആഗോളതലത്തിൽ ചിത്രം തിയറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയെ അവതരിപ്പിക്കുന്നത്. സമൂഹം മുന്നിൽവയ്ക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഹൃദയസ്പർശിയായ രംഗങ്ങളും കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

തമിഴ് താരം ശ്രുതി ഹാസൻ രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന താരനിരയിലുണ്ട്.

You may also like