കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലുമായി നേരത്തെ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ചെറുവണ്ണൂർ കക്കറമുക്ക് ഭാഗത്ത് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിലിരുന്ന സോനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ ഉയർന്നതെന്നും പൊട്ടിത്തെറി പോലുള്ള ശബ്ദവും ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. മുൻവശത്തേക്ക് തീ പൂർണമായി പടർന്നിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നതായി കുടുംബം ആരോപിച്ചു. രജിൻ ലാൽ സോനയുടെ വീട്ടുകാരുമായി ഏറെ നാളായി അകലം പാലിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
2016 മോഡൽ പെട്രോൾ കാറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഫോറൻസിക് സംഘവും അന്വേഷണം ആരംഭിച്ചു. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ചോർച്ചയോ സാങ്കേതിക തകരാറുകളോ അപകടകാരണമാകാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. കത്തിയ വാഹനത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനാഫലം ലഭിച്ചശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു.
സോനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

