Home Nationalപ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ല; “ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അവരെ കേൾക്കണം” — അഭിജീത് ദീപ്കെ

പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ല; “ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അവരെ കേൾക്കണം” — അഭിജീത് ദീപ്കെ

by news_desk1
0 comments

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളല്ല ബിസിനസ് മേഖലയ്ക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളാണ് യഥാർഥ പ്രശ്നമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ഒരു നഗരം മുഴുവൻ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും നഗരത്തെ യുദ്ധമേഖലയാക്കുകയും ചെയ്യുമ്പോഴാണ് ബിസിനസുകൾക്ക് തിരിച്ചടിയുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

രൂപീകരണം മുതൽ മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുമെന്ന നിലപാടിലാണ് പാർട്ടിയെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അഭിജീത് വ്യക്തമാക്കി. മുംബൈ, പൂനെ, ജയ്പുർ, ലഖ്‌നൗ, ബെംഗളൂരു, നാഗ്പുർ എന്നിവിടങ്ങളിൽ പാർട്ടി നടത്തിയ പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയ്പുരിൽ തനിക്കെതിരെ ശാരീരിക ആക്രമണമുണ്ടായിട്ടും തിരിച്ചടിക്കാൻ തയ്യാറായില്ലെന്നും അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകുന്നത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു.

ശാരീരിക ബലപ്രയോഗത്തിന് പകരം ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അഭിജീത് വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങളുടെ ശക്തി. എത്ര പ്രകോപനങ്ങളുണ്ടായാലും ആ മൂല്യങ്ങൾ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മൗനം പാലിക്കാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ പ്രതിഷേധക്കാരെ അരാജകവാദികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും അനീതിക്കെതിരെ തെരുവിലിറങ്ങുന്നതും പൊതുപദവികൾ വഹിക്കുന്നവരോട് ഉത്തരവാദിത്വം ആവശ്യപ്പെടുന്നതും അരാജകത്വമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ആവിഷ്കാരങ്ങളാണെന്നും അഭിജീത് കുറിച്ചു.

ഇപ്പോൾ അധികാരത്തിലുള്ള പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ പതിറ്റാണ്ടുകളോളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തെരുവിലിറങ്ങി സർക്കാരുകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അന്ന് അവർക്കെതിരെയും സമാനമായ നിയന്ത്രണങ്ങളും ഭീഷണികളും പൊലീസ് നടപടികളും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പല അധികാരസ്ഥാനങ്ങളിലും അവർ എത്തുമായിരുന്നില്ലെന്നും അഭിജീത് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിഷേധങ്ങളെ ജനാധിപത്യപരമായ അവകാശമായി അംഗീകരിക്കുകയും അധികാരത്തിലെത്തുമ്പോൾ അതേ പ്രതിഷേധങ്ങളെ പൊതുസമാധാനത്തിന് ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്നത് കടുത്ത കാപട്യമാണെന്നും അദ്ദേഹം വിമർശിച്ചു.

പ്രത്യേക പരിഗണനകളോ ആനുകൂല്യങ്ങളോ അല്ല, ഏത് പാർട്ടി അധികാരത്തിലിരുന്നാലും ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനുള്ള അവസരമാണ് വേണ്ടതെന്നും അഭിജീത് വ്യക്തമാക്കി. ജനങ്ങൾ തിരഞ്ഞെടുക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരവാദിത്വം ആവശ്യപ്പെടുകയും അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ്. “ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളെ കേൾക്കാൻ ബാധ്യസ്ഥരാണ്, അവരെ നിശ്ശബ്ദരാക്കാനല്ല. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ജനാധിപത്യം അവസാനിക്കുന്നില്ല” എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

You may also like