കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധിക്കെതിരെ 13 പ്രതികൾ സമർപ്പിച്ച അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾക്കൊപ്പം ശിക്ഷ കൂടുതൽ കർശനമാക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപ്പീലിലും ഇന്ന് തീരുമാനം ഉണ്ടാകും.
വിചാരണക്കോടതി വിധിച്ച ശിക്ഷ നിയമപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും നിലനിൽക്കുമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്. അതേസമയം പ്രതികൾക്ക് ലഭിച്ച ശിക്ഷ അപര്യാപ്തമാണെന്നും കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്.
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലൊന്നായ മധു വധക്കേസിലെ ഹൈക്കോടതി വിധി കേസിന്റെ തുടർ നിയമനടപടികളിലും സാമൂഹിക തലത്തിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

