64 ജില്ലകളിൽ 58 ഇടത്തും രോഗബാധ; വാക്സിനേഷൻ നിരക്കിലെ വൻ ഇടിവ് തിരിച്ചടിയായെന്ന് ലോകാരോഗ്യ സംഘടന
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 250-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം പടർന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ സംഘടനകൾ ആരോപിക്കുന്നു.
കണക്കുകൾ പ്രകാരം 2017-2023 കാലയളവിൽ 89 മുതൽ 93 ശതമാനം വരെയായിരുന്ന വാക്സിനേഷൻ നിരക്ക് 2025 ആയപ്പോഴേക്കും 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികളെ കാര്യമായി ബാധിച്ചുവെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. വാക്സിനേഷൻ നയത്തിലുണ്ടായ പാളിച്ചകളും ഭരണപരമായ പരാജയങ്ങളുമാണ് ഇത്രയധികം മരണങ്ങൾ സംഭവിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാമാണ് ഹർജി നൽകിയത്. സർക്കാർ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷൻ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള യൂനുസ് സർക്കാരിന്റെ നീക്കം സ്ഥിതി വഷളാക്കിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണപരമായ ഇത്തരം തെറ്റായ തീരുമാനങ്ങളാണ് രാജ്യത്തെ ആരോഗ്യരംഗത്തെ തകർത്തതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
