Home Nationalഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; 15 കോർപ്പറേഷനുകളും തൂത്തുവാരി

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; 15 കോർപ്പറേഷനുകളും തൂത്തുവാരി

by news_desk
0 comments

നഗരസഭകളിലും പഞ്ചായത്തുകളിലും കോൺഗ്രസ് തകർന്നു; വികസനത്തിനുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഐതിഹാസിക വിജയം. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ഭരണമുറപ്പിച്ച ബിജെപി, നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 1044 മുൻസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ 732 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് 65 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള മറ്റുള്ളവർ 11 സീറ്റുകളിൽ വിജയിച്ചു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ 192 സീറ്റുകളിൽ 158 എണ്ണവും ബിജെപി നേടിയപ്പോൾ സൂറത്തിൽ 115 സീറ്റുകളും രാജ്‌കോട്ടിൽ 65 സീറ്റുകളും വഡോദരയിൽ 69 സീറ്റുകളും പാർട്ടി കരസ്ഥമാക്കി.

മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ബിജെപിയുടെ ആധിപത്യം പ്രകടമാണ്. 84 മുൻസിപ്പാലിറ്റികളിലായി 1688 സീറ്റുകളും 34 ജില്ലാ പഞ്ചായത്തുകളിലെ 1090 സീറ്റുകളിൽ 503 എണ്ണവും ബിജെപി നേടി. കോൺഗ്രസിന് മുൻസിപ്പാലിറ്റികളിൽ 389 സീറ്റുകളും ജില്ലാ പഞ്ചായത്തുകളിൽ 68 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. എന്നാൽ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് കോൺഗ്രസിന് നേരിയ ആശ്വാസമായി. പന്ത്രണ്ടാം വാർഡിൽ അർഷാദ് ജരിവാല വിജയിച്ചതോടെയാണ് സൂറത്തിൽ കോൺഗ്രസ് സാന്നിധ്യമറിയിച്ചത്.

ഗുജറാത്തിലെ മിന്നും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം രേഖപ്പെടുത്തി. ഗുജറാത്തും ബിജെപിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഈ ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച ഭരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമാണ് ജനങ്ങൾ വോട്ട് ചെയ്തതെന്ന് മോദി പറഞ്ഞു. വർഷങ്ങളായുള്ള പാർട്ടിയുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിതെന്നും വരും കാലങ്ങളിൽ ഗുജറാത്തിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ തങ്ങൾ പരിശ്രമിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.

You may also like