കൊച്ചി: ഓണച്ചിത്ര മത്സരത്തിൽ ശ്രദ്ധേയ സാന്നിധ്യമായി നിവിൻ പോളി. റൊമാന്റിക് കോമഡി ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. റിലീസ് തീയതി അറിയിച്ചുള്ള പോസ്റ്റർ നിവിൻ പോളി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാമൂല്യവും ജനപ്രീതിയും നേടിയ സിനിമകൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ഓണത്തിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്.
‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രവുമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരടക്കം വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസ് ആണ്. ഗാനരചന വിനായക് ശശികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ബെന്നി കട്ടപ്പനയും ജോസ് വിജയും. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ആർട്ട് ഡയറക്ടർ ആഷിക് എസ്, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, സംഘട്ടനം ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുരക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ് രമേഷ് സി.പി, സ്റ്റിൽസ് റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്സ്, പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ്.

