Home Internationalഓൺലൈൻ തൊഴിൽ പ്ലാറ്റ്‌ഫോമുകളിൽ ചൈനീസ് ചാരന്മാർ; ലക്ഷ്യം രാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ, മുന്നറിയിപ്പുമായി ‘ഫൈവ് ഐസ്’ സഖ്യം

ഓൺലൈൻ തൊഴിൽ പ്ലാറ്റ്‌ഫോമുകളിൽ ചൈനീസ് ചാരന്മാർ; ലക്ഷ്യം രാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ, മുന്നറിയിപ്പുമായി ‘ഫൈവ് ഐസ്’ സഖ്യം

by news_desk
0 comments

വാഷിംഗ്ടൺ: ചാരപ്പണി നടത്താൻ അനുയോജ്യരായ ആളുകളെ കണ്ടെത്താൻ ചൈനീസ് ചാരന്മാർ ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് സൈറ്റുകളും റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമുകളും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ചൈനയുടെ മിലിട്ടറി ഇന്റലിജൻസ് സർവീസസ് ആണ് ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് ഓൺലൈനിൽ വലവിരിച്ചിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടുന്ന ‘ഫൈവ് ഐസ്’ (Five Eyes) സുരക്ഷാ സഖ്യത്തിലെ ഇന്റലിജൻസ് ഏജൻസികളാണ് ചൈനയുടെ ഈ അപകടകരമായ നീക്കത്തിനെതിരെ സംയുക്തമായി ആഗോള ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് ‘ഫൈവ് ഐസ്’ കൂട്ടായ്മയിലുള്ളത്. തങ്ങൾക്ക് തന്ത്രപരവും സൈനികവുമായ മേൽക്കൈ നൽകാൻ സഹായിക്കുന്ന രീതിയിൽ വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ രഹസ്യവിവരങ്ങൾ ചോർത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഇവരുടെ സംയുക്ത ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

പ്രതിരോധം, വിദേശകാര്യം, ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ഇൻഡോ-പസഫിക് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികരെയുമാണ് ചൈനീസ് ചാരന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ മാധ്യമപ്രവർത്തകർ, പ്രമുഖ തിങ്ക് ടാങ്ക് ജീവനക്കാർ, സർക്കാർ നയരൂപീകരണ വിവരങ്ങൾ അറിയാൻ സാധ്യതയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ഇവർ നിരീക്ഷിക്കുന്നുണ്ട്. നേരിട്ടല്ലാതെ അതീവ തന്ത്രപരമായ രീതിയിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടക്കുന്നത്. പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തിയാൽ, ചൈനീസ് സർക്കാരുമായി ബന്ധമുള്ള എന്നാൽ പ്രത്യക്ഷത്തിൽ സ്വകാര്യ ഏജൻസികളെന്ന് തോന്നിക്കുന്ന കൺസൾട്ടൻസികൾ വഴിയാണ് ഇവരെ സമീപിക്കുക. തുടർന്ന് അജ്ഞാതരായ ക്ലയന്റുകൾക്ക് വേണ്ടിയെന്ന വ്യാജേന വലിയ തുക വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് രഹസ്യവിവരങ്ങൾ ആവശ്യപ്പെടും. ഇത്തരം വിവരങ്ങൾക്ക് 100 ഡോളർ മുതൽ 5,000 ഡോളർ വരെയാണ് പ്രതിഫലമായി നൽകുന്നത്. കൈമാറുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം കൂടുന്നതിനനുസരിച്ച് പ്രതിഫലത്തുകയും വർദ്ധിക്കും.

നിലവിലുള്ളതും വിരമിച്ചതുമായ യു.എസ് സർക്കാർ ജീവനക്കാരെ ചൈന ലക്ഷ്യമിടുന്നതായി മുൻപും അമേരിക്കൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ബ്രിട്ടീഷ് പാർലമെന്റിൽ ചാരവൃത്തി നടത്താൻ ചൈനീസ് ഏജന്റുമാർ ശ്രമിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘടനയായ എം.ഐ-5 (MI5) കഴിഞ്ഞ നവംബറിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തുന്ന ഇത്തരം ചാരവൃത്തി ആരോപണങ്ങളെല്ലാം ചൈന പൂർണ്ണമായും തള്ളിക്കളയുകയാണ് പതിവ്. ഇവയെല്ലാം തങ്ങളുടെ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി കെട്ടിച്ചമച്ച അപവാദപ്രചാരണങ്ങൾ മാത്രമാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക വിശദീകരണം.

You may also like