Home Sportsഇന്ത്യൻ ട്വന്റി-20 ടീമിന് പുതിയ നായകൻ: സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ എത്തിയേക്കും; ബിസിസിഐ യോഗം ഇന്ന്

ഇന്ത്യൻ ട്വന്റി-20 ടീമിന് പുതിയ നായകൻ: സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ എത്തിയേക്കും; ബിസിസിഐ യോഗം ഇന്ന്

by news_desk
0 comments

മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇന്ന് നിർണ്ണായക തീരുമാനമുണ്ടായേക്കും. ഇതിനായി ബിസിസിഐ അപെക്സ് കൗൺസിലിന്റെ സുപ്രധാന യോഗം ഇന്ന് ഓൺലൈനായി ചേരും. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ നായകനായി നിയമിക്കുമെന്നാണ് പുറത്തുവരുന്ന ശക്തമായ റിപ്പോർട്ടുകൾ. ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റന്, നായകസ്ഥാനം നഷ്ടമാകുന്നതിന് പുറമെ വരും പരമ്പരകളിൽ ടീമിൽ പോലും ഇടമുണ്ടാകില്ലെന്നാണ് സൂചന. ചാമ്പ്യൻസ് ട്രോഫി ജയത്തിന് പിന്നാലെ രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിന് സമാനമായ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ ഇപ്പോൾ നീങ്ങുന്നത്. സമീപകാലത്തെ മോശം ഫോമാണ് സൂര്യകുമാറിന് തിരിച്ചടിയായത്. അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ വരാനിരിക്കുന്ന പരമ്പരകളിൽ പുതിയ ക്യാപ്റ്റൻ ടീമിനെ നയിക്കാനാണ് സാധ്യത.

നിലവിൽ ട്വന്റി-20 ടീമിന്റെ പരിഗണനയിൽ പോലുമില്ലാത്ത ശ്രേയസ് അയ്യർ, നേരിട്ട് ക്യാപ്റ്റൻ പദവിയോടെ ടീമിന്റെ നാലാം നമ്പറിലേക്ക് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതേസമയം, മലയാളി താരം സഞ്ജു സാംസണെ നായകനാക്കണമെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ശക്തമായി വാദിച്ചെങ്കിലും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ എതിർപ്പ് തിരിച്ചടിയായി. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടി ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിന്, പ്രകടനത്തിൽ സ്ഥിരതയില്ലെന്ന വാദമാണ് അഗാർക്കർ മുന്നോട്ടുവെച്ചത്. ഭാവി മുൻനിർത്തി യുവതാരം തിലക് വർമ്മയെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്.

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ വരും ശനിയാഴ്ച പ്രഖ്യാപിക്കും. ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനവും അന്നേദിവസം തന്നെയുണ്ടാകും. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായ യുവതാരം വൈഭവ് സൂര്യവംശിയും വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

You may also like