Home Nationalകോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് പിന്തുണ വർധിക്കുന്നു; ഇടത് വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കും

കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് പിന്തുണ വർധിക്കുന്നു; ഇടത് വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കും

by news_desk1
0 comments

ന്യൂഡൽഹി: തൊഴിലില്ലായ്മയും യുവജന പ്രശ്നങ്ങളും ഉയർത്തിക്കാട്ടി രൂപംകൊണ്ട കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് വിവിധ മേഖലകളിൽ നിന്ന് പിന്തുണ ശക്തമാകുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സിജെപിയുടെ ക്ഷണം സ്വീകരിച്ച് എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായോ സംഘടനാതലത്തിലോ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇടത് വിദ്യാർത്ഥി സംഘടനയായ ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന വിവരം.

പാറ്റകളുടെ പ്രതീകാത്മക രൂപത്തിലൂടെ യുവജനങ്ങളുടെ അവഗണനയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടുന്ന സിജെപിയുടെ ആദ്യ പൊതുപ്രതിഷേധം ശനിയാഴ്ചയാണ് നടക്കുന്നത്. ഇതിനോടകം തന്നെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണ തിരക്കുകൾക്കിടയിലും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ് രാജും അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളെയും ജനാധിപത്യ സംഘടനകളെയും പ്രതിഷേധത്തിൽ പങ്കുചേരാൻ സിജെപി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, സംഘടന രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ജനകീയ കൂട്ടായ്മയായാണ് പ്രവർത്തനമെന്നും സിജെപി വക്താവ് വിജേത ദഹിയ വ്യക്തമാക്കി. കേരളത്തിലും സംഘടനയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിജെപിയുടെ സ്ഥാപകനായ അഭിജിത് ദീപ്കെയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ സംഘടനയോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. മലയാള സിനിമാ താരം ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള പ്രമുഖരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തതായും സിജെപി നേതൃത്വം അറിയിച്ചു.

ഇതിനിടെ, യുവജന പ്രതിഷേധങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ മാത്രം ഒതുങ്ങരുതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ അഭിപ്രായപ്പെട്ടു. യുവാക്കളുടെ പ്രശ്നങ്ങൾ ജനപ്രതിനിധികൾക്കും ഭരണസംവിധാനങ്ങൾക്കും മുന്നിൽ നിരന്തരം ഉന്നയിക്കണമെന്നും, സംഘടിത സമ്മർദത്തിലൂടെയാണ് മാറ്റങ്ങൾ സാധ്യമാകുകയെന്നും അദ്ദേഹം ഒരു ലേഖനത്തിൽ വ്യക്തമാക്കി.

യുവജന സമൂഹത്തിന്റെ അസംതൃപ്തിയും തൊഴിലില്ലായ്മയുമെല്ലാം ദേശീയ ചർച്ചയാക്കാനുള്ള ശ്രമമായാണ് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തെ വിലയിരുത്തപ്പെടുന്നത്.

You may also like