തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ രാധാകൃഷ്ണൻ തനിക്ക് പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും, ഒരു നിയമസഭാ സാമാജികൻ എങ്ങനെ സ്വന്തം നിയോജകമണ്ഡലത്തിലും സഭയ്ക്കുള്ളിലും പ്രവർത്തിക്കണമെന്നതിന് അദ്ദേഹം ഉത്തമ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി സഭയിലെ ഏറ്റവും മുതിർന്ന അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ഭരണരംഗത്തെ എല്ലാ വകുപ്പുകളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യമുണ്ടെന്നും ജനഹിതമനുസരിച്ച് നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തീപ്പൊരി നേതാവായിരുന്ന തിരുവഞ്ചൂരിന് വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അനുസ്മരിച്ചു.
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സുദീർഘമായ പ്രവർത്തന പരിചയത്തെയും വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലത്തെയും എടുത്തുപറഞ്ഞു. മുൻപ് വിവിധ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിദ്യാർത്ഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവങ്ങളും സഭയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരകമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അതോടൊപ്പം, ബാറ്റിംഗ് സൈഡ് മാത്രം നോക്കി തീരുമാനമെടുക്കുന്ന ഒരു അമ്പയറെപ്പോലെയാകാതെ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ട് സ്പീക്കർ തികച്ചും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി വിജയൻ വ്യക്തമാക്കി. പുതിയ സ്പീക്കർക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
വളരെ സരസനായ ഒരു സുഹൃത്താണ് ഇനി സഭയെ നിയന്ത്രിക്കാൻ ചെയറിലേക്ക് എത്തുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിനന്ദന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തിരുവഞ്ചൂരിന്റെ സഭയിലെ ഇടപെടലുകൾ ഇനിയും സരസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃകാപരമായ സ്വന്തം ശൈലി നിലനിർത്തിക്കൊണ്ടുതന്നെ സഭയെ തികച്ചും നിഷ്പക്ഷമായ രീതിയിൽ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിലെ മുഴുവൻ അംഗങ്ങളും പുതിയ സ്പീക്കർക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സഭാനടപടികൾ സൌഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് മുന്നോട്ട് നീങ്ങുന്നത്.

