Home Kerala‘കെ-റെയിൽ കേസുകളിൽ അന്തിമ തീരുമാനം കോടതിക്ക്; സിൽവർ ലൈനിന് പകരം എന്തെന്ന് സർക്കാർ വ്യക്തമാക്കണം’ : പി രാജീവ്

‘കെ-റെയിൽ കേസുകളിൽ അന്തിമ തീരുമാനം കോടതിക്ക്; സിൽവർ ലൈനിന് പകരം എന്തെന്ന് സർക്കാർ വ്യക്തമാക്കണം’ : പി രാജീവ്

by news_desk1
0 comments

ദില്ലി: കെ-റെയിൽ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ് പറഞ്ഞു. കേസുകൾ പിൻവലിക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കാമെങ്കിലും നിയമപരമായ തീരുമാനം കോടതിയുടെ പരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച വിഷയങ്ങളിൽ മുൻ സർക്കാർ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് പകരമായുള്ള വികസന നിർദേശം നിലവിലെ സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ടും പി രാജീവ് വിമർശനം ഉന്നയിച്ചു. പ്രദേശത്ത് നേരത്തെയും നിരവധി തവണ പൊലീസ് എത്തി മടങ്ങിയ സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ നടത്തിയ ഇടപെടൽ സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തി ശക്തമായ നടപടികളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികൾക്ക് ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻ സർക്കാർ പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാകട്ടെയെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനിലപാടുകൾ വിലയിരുത്താനാകൂവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

You may also like