തിരുവനന്തപുരം: പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. അതേസമയം, പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെയും പരിഗണിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ ശക്തൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മന്ത്രിസഭയിൽ മുൻപ് അവസരം ലഭിച്ചവരെക്കാൾ യുവമുഖങ്ങൾക്കും സംഘടനാപ്രവർത്തനത്തിൽ സജീവമായ നേതാക്കൾക്കും പ്രാധാന്യം നൽകാനാണ് ആലോചന.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, വി പി സജീന്ദ്രൻ, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ, വി ടി ബൽറാം എന്നിവരുടെ പേരുകൾ സജീവ ചർച്ചയിലുണ്ട്. വനിതാ പ്രാതിനിധ്യത്തിൽ കൊല്ലത്ത് നിന്ന് വിജയിച്ച ബിന്ദു കൃഷ്ണ, അരൂരിലെ ഷാനിമോൾ ഉസ്മാൻ, എലത്തൂരിലെ വിദ്യാ ബാലകൃഷ്ണൻ എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നു.
മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന സൂചന നൽകിയിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാടിലും മാറ്റമുണ്ടായതായാണ് റിപ്പോർട്ട്. മുതിർന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന് പ്രധാന വകുപ്പ് നൽകേണ്ട സാഹചര്യമുണ്ടാകാമെന്നാണ് വിലയിരുത്തൽ.
കെസി വിഭാഗത്തോട് അടുത്ത ബന്ധമുള്ള പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ് എന്നിവർക്കും സാധ്യത ശക്തമാണ്. എം വിൻസെന്റ്, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, കെ ജയന്ത്, ഐ സി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ പേരുകളും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ ഹൈക്കമാൻഡ് അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

