പെരുമ്പാവൂർ: പെരുമ്പാവൂരിൽ കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രനെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിലുണ്ടായ വാക്കുതർക്കത്തിനിടെ ചന്ദ്രൻ വെട്ടുകത്തി ഉപയോഗിച്ച് അംബികയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിറകിലേറ്റ വെട്ടിലാണ് അംബിക മരിച്ചത്.
സംഭവം തടയാൻ ശ്രമിച്ച മകൻ സനലിനും ആക്രമണത്തിൽ പരിക്കേറ്റു. സനലിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഇയാളെ ഉടൻ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

