കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് സിപിഎം നേതാവ് പി. രാജീവ്. ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും ജനവിധി എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോളുകൾ പലപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടാറില്ലെന്നും രാജീവ് ചൂണ്ടിക്കാട്ടി. യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്ന സർവേകളിൽ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായതായി പിണറായി വിജയനെ തന്നെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രധാന കരുത്ത് മുഖ്യമന്ത്രിയാണെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും രാജീവ് വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ ബിജെപിക്ക് ഗുണം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. താൽക്കാലിക നേട്ടങ്ങൾക്കായി കോൺഗ്രസ് പലപ്പോഴും രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നുവെന്നും അത് ബിജെപിക്ക് സഹായകരമാകുന്നുവെന്നും രാജീവ് പറഞ്ഞു.
ബംഗാളിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തെയും അദ്ദേഹം വിമർശിച്ചു. വലിയ സൈനിക സന്നാഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് പട്ടാളഭരണത്തിന് സമാനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
