Home Keralaനെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ; കോടികളുടെ കുടിശ്ശികയിൽ കർഷകർ വലയുന്നു

നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ; കോടികളുടെ കുടിശ്ശികയിൽ കർഷകർ വലയുന്നു

by news_desk1
0 comments

ആലപ്പുഴ: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലായി. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭിക്കുന്നതിലെ കാലതാമസം മൂലമാണ് പ്രശ്നം രൂക്ഷമായത്.

ഇതിനിടെ പി.ആർ.എസ് വായ്പാ പദ്ധതിയിലൂടെ കർഷകർക്ക് താത്കാലിക ആശ്വാസം നൽകാൻ സർക്കാർ ശ്രമിച്ചിരുന്നു. സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ വായ്പ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഈ സീസണിൽ എസ്ബിഐയും കാനറ ബാങ്കും ചേർന്ന കൺസോർഷ്യവുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടിരുന്നു. പരമാവധി 450 കോടി രൂപ വരെ വായ്പ നൽകാനായിരുന്നു തീരുമാനം.

എന്നാൽ നിശ്ചിത പരിധി കഴിഞ്ഞിട്ടും സപ്ലൈകോ വായ്പ തിരിച്ചടച്ചില്ലാത്തതിനെ തുടർന്ന് മാർച്ച് 18 മുതൽ ബാങ്കുകൾ വായ്പ വിതരണം നിർത്തി. ഇതോടെ ബാങ്കുകളിൽ നിന്നും സ്വകാര്യരിൽ നിന്നും കടം വാങ്ങി കൃഷി നടത്തിയ ആയിരക്കണക്കിന് കർഷകർ ഗുരുതര പ്രതിസന്ധിയിലായി.

പാലക്കാട് ജില്ലയിൽ മാത്രം 443 കോടി രൂപ കുടിശ്ശികയായി തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിലെ കർഷകരും ഇതേ പ്രശ്നം നേരിടുന്നു. ആലപ്പുഴയിൽ മാത്രം 13,731 കർഷകർക്ക് 173.36 കോടി രൂപ ലഭിക്കാനുണ്ട്.

കുടിശ്ശിക ഉടൻ തീർത്ത് കർഷകർക്ക് ആശ്വാസം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

You may also like