തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ കടുത്ത മത്സരം നടന്നതായി വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രതികരിച്ചു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നുവെന്നും ശബരിമല വിഷയവും തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്നത് യു.ഡി.എഫ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായി നടത്തിയ ഇടപെടലുകളും വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആർ. ശ്രീലേഖയുടെയും കെ. മുരളീധരന്റെയും മത്സരപ്രവേശനം പോരാട്ടം കൂടുതൽ കടുപ്പിച്ചതായും വിലയിരുത്തപ്പെടുന്നു. സംസ്ഥാനതലത്തിൽ എൽ.ഡി.എഫ് തുടർഭരണ പ്രതീക്ഷയിൽ നിൽക്കുമ്പോൾ, ഭരണമാറ്റം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
