Home Top Storiesമുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; കോൺഗ്രസ് നിരീക്ഷകർ ഇന്ന് എത്തും, മന്ത്രിസ്ഥാനം പങ്കിടുന്നതിൽ ലീഗും സജീവം

മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; കോൺഗ്രസ് നിരീക്ഷകർ ഇന്ന് എത്തും, മന്ത്രിസ്ഥാനം പങ്കിടുന്നതിൽ ലീഗും സജീവം

by news_desk
0 comments

തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരുടെ അഭിപ്രായം തേടാൻ പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. വൈകിട്ട് ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുക്കും.

മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ച് പാർട്ടിയിൽ നീക്കങ്ങൾ ശക്തമാണ്. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. വേണുഗോപാൽ. ഡൽഹി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്. അതേസമയം, ഘടകകക്ഷികളുടെ പിന്തുണയോടെ വി.ഡി. സതീശൻ പക്ഷവും, ഭരണപരിചയം മുൻനിർത്തി രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് നിർദ്ദേശം ശിരസാവഹിക്കുമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.

അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് മുസ്ലിം ലീഗും തുടക്കമിട്ടു. ഇത്തവണ മന്ത്രിസഭയിൽ ലീഗിന് ലഭിക്കുന്ന വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നും പകരം ലീഗിന് ആരോഗ്യവകുപ്പ് ലഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ഏകദേശം ഉറപ്പായിട്ടുണ്ട്. ആദ്യമായി മത്സരിച്ച് ജയിച്ചവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നും പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടൻ മന്ത്രിസഭാ ചർച്ചകൾക്കായി യുഡിഎഫ് യോഗം ചേരും.

You may also like