Home Keralaഅൻസിബയ്‌ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിക്ക് ഒരുങ്ങി ലക്ഷ്മിപ്രിയ

അൻസിബയ്‌ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിക്ക് ഒരുങ്ങി ലക്ഷ്മിപ്രിയ

by news_desk1
0 comments

കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുകയാണ് അൻസിബയെന്നും ഇതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അഡ്വ. കൃഷ്ണരാജ് മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രതിച്ഛായയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലാണ് അൻസിബ സംസാരിച്ചതെന്നും അവർ ആരോപിച്ചു.

‘10 വയസുള്ള എന്റെ മകളെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചു. എന്റെ ഭർത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു. ഇതെല്ലാം അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ്,’ ലക്ഷ്മിപ്രിയ പറഞ്ഞു.

അമ്മ സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അൻസിബയുടെ പ്രതികരണങ്ങൾക്ക് കാരണമായതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. ‘അമ്മ’ ഒരു ചാരിറ്റി ട്രസ്റ്റാണെന്നും ഏത് സ്ഥാപനത്തിൽ നിന്നുമുള്ള സംഭാവനയും സ്വീകരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്.ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ.സി.പി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വ്യാജപരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്.ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി.

അതേസമയം, അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയും ഗൗരവമുള്ളതല്ലെന്നാണ് പൊലീസ് നിലപാട്. അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് തൃക്കാക്കര എ.സി.പിക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി അൻസിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തു. വനിതാ എസ്.ഐ രേഷ്മയുടെ മൊഴിയും രേഖപ്പെടുത്തി. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് പരാതിയിൽ ആരോപിച്ച കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്. എസ്.ഐ രേഷ്മ അൻസിബയെ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

You may also like