തൃശൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുൽ (21) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസ് ഉൾപ്പെടെ നാല് കേസുകളിൽ രാഹുൽ പ്രതിയാണ്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് കേസുകളും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച കേസും ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

