പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിൽ ആവശ്യമായതിലും ഇരട്ടി അളവിൽ സാധനങ്ങൾ സ്റ്റോക്കിൽ വ്യാജമായി രേഖപ്പെടുത്തിയതായി കണ്ടെത്തി. അഷ്ടാഭിഷേക വഴിപാടിനായി ആവശ്യമായതിന്റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2020-ൽ മെയിൻ സ്റ്റോറിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത വലിയ അളവിൽ തേനും അരവണ നിർമ്മാണത്തിനുള്ള സാമഗ്രികളും വിജിലൻസ് കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ബാക്കിയുണ്ടായ അരവണ നിർമ്മാണ സാമഗ്രികൾ പിന്നീട് എന്ത് ചെയ്തുവെന്ന കാര്യത്തിൽ വ്യക്തമായ രേഖകളില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവ മറിച്ചുവിറ്റതാണോ, അല്ലെങ്കിൽ മറ്റ് ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നത് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലൻസ് നിർദേശിക്കുന്നു.
അരവണ പാക്കിംഗിനായി വാങ്ങിയ സാധനങ്ങളിൽ വൻതോതിൽ ‘ഡാമേജ്’ രേഖപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമല മെയിൻ സ്റ്റോറിലെ വാങ്ങൽ നടപടികളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

