ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
ധനസഹായം അനുവദിക്കുന്നത് വൈകിയതിനെതിരെ വിവിധ പുലിക്കളി സംഘങ്ങൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായം അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.
മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകാൻ കാരണമായതെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഉത്തരവോടെ ഓണക്കാലത്തിന് മുന്നോടിയായി പുലിക്കളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ലഭ്യമാകുന്നതിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

