തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന് അര്‍ഷിദിന്റെ കൊലപാതകക്കേസില്‍ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേസിന്റെ അന്വേഷണത്തില്‍ പുറത്തുവരുന്നത് അതിക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ്. കുഞ്ഞിന്റെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ അമ്പതിലധികം പുറംമുറിവുകളും നാല്പതോളം ആന്തരിക പരിക്കുകളും ഉള്‍പ്പെടുന്നു. ഒരു മാസത്തിനുള്ളിലാണ് ഈ പരിക്കുകളെല്ലാം ഉണ്ടായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഭക്ഷണം നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് അഷ്കര്‍ പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. സംഭവദിവസം തലയില്‍ ശക്തമായി അടിച്ചുവെന്നും തുടര്‍ന്ന് കുഞ്ഞിന് ബോധം നഷ്ടമായെന്നും ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ഗുരുതര ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അമ്മ അഖിലയുടെ പങ്കും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കുഞ്ഞ് നിരന്തരം പീഡനത്തിന് ഇരയാകുന്ന വിവരം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തമിഴ്നാട്ടില്‍ നൃത്തപരിപാടിക്കായി പോയിരുന്ന സമയത്താണ് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതെന്ന് പറഞ്ഞ് അഷ്കര്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം അപകടമരണമായി തോന്നിച്ച സംഭവം പിന്നീട് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

