Home Keralaസാമ്പത്തിക ഇടപാട് കേസ്: വീണ വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി

സാമ്പത്തിക ഇടപാട് കേസ്: വീണ വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി

by news_desk
0 comments

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ ചോദ്യാവലി തയാറാക്കി. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയ 2.78 കോടി രൂപ എന്തിനുവേണ്ടിയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാനാണ് ഇ.ഡി പ്രധാനമായും ആവശ്യപ്പെടുക. ഈ തുക ഉപയോഗിച്ച് എവിടെയെങ്കിലും സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും കേന്ദ്ര ഏജൻസി കടക്കും.

ഇതിനുപുറമേ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ഇ.ഐ.സി.പി.എല്ലിൽ (EicPL) നിന്ന് വീണയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യം, ഇതിന്റെ തിരിച്ചടവ് വിവരങ്ങൾ എന്നിവയും ചോദ്യം ചെയ്യലിൽ വിശദീകരിക്കേണ്ടി വരും. കേസിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുള്ള 134 നിർണായക രേഖകൾ എത്രയും വേഗം കൈമാറണമെന്ന് ഇ.ഡി, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനോട് (എസ്.എഫ്.ഐ.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വീണ വിജയൻ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, കമ്പനിയിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണ് സമൻസ് ലഭിച്ച ഒൻപത് പേർ.

ഏത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിൽ നിന്ന് ഇത്രയും വലിയ തുക കൈപ്പറ്റിയതെന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ എസ്.എഫ്.ഐ.ഒയുടെ പക്കലുള്ള 134 രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി നേരത്തെ കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളും, മുൻപ് നടന്ന റെയ്ഡുകളിൽ പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും മുൻനിർത്തിയാകും ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുക. കമ്പനി നിയമപ്രകാരം വീണ വിജയൻ ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നാണ് കേസ് നിലനിൽക്കുന്നത്.

You may also like