Home Top Storiesപവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം; ‘അരണ്ട സർക്കാർ കേരളത്തിന് ബാധ്യത’യെന്ന് ഇ.പി. ജയരാജൻ

പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം; ‘അരണ്ട സർക്കാർ കേരളത്തിന് ബാധ്യത’യെന്ന് ഇ.പി. ജയരാജൻ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ.പി. ജയരാജൻ, ഭരിക്കാൻ അറിയില്ലെങ്കിൽ പഠിച്ച ശേഷം ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കിൽ പരിശീലനം നേടണമെന്നും വിമർശിച്ചു. നിലവിലെ സർക്കാർ കേരളത്തിന് ബാധ്യതയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ്. സർക്കാരാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിൽ മുൻ സർക്കാർ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച ദീർഘകാല കരാറുകൾ പിന്നീട് എൽ.ഡി.എഫ്. സർക്കാർ റദ്ദാക്കിയെന്നും, യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭ്യമായിരുന്ന വൈദ്യുതി ഇന്ന് ഉയർന്ന വില നൽകിയാലും ലഭിക്കാത്ത സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ രൂക്ഷമായ വൈദ്യുതി ക്ഷാമകാലത്ത് ആവശ്യമായ വൈദ്യുതി വാങ്ങുന്നതിന് പകരം സർക്കാർ 530 മെഗാവാട്ട് വൈദ്യുതി കടമെടുത്തതായും അദ്ദേഹം ആരോപിച്ചു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഈ സീസണിൽ രേഖപ്പെടുത്തിയതെന്നും, നിലവിലെ പവർകട്ട് യു.ഡി.എഫ്. സർക്കാർ ഒരു മാസത്തിനുള്ളിൽ സൃഷ്ടിച്ച സാഹചര്യമല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. മഴക്കുറവ്, അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞത്, ജലവൈദ്യുതി ഉൽപ്പാദനത്തിൽ 80 ശതമാനം ഇടിവുണ്ടായത്, ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരുന്നത്, കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം ആയിരം മെഗാവാട്ട് അധിക വൈദ്യുതി ഉപയോഗം ഉണ്ടായത് തുടങ്ങിയ ഘടകങ്ങളാണ് വൈദ്യുതി ഉൽപ്പാദനം കുറയാനും പവർകട്ടിലേക്ക് നയിക്കാനുമിടയായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

You may also like