Home Nationalസാമ്പത്തിക സംവരണത്തിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം; ‘സർക്കാർ ഫീസ് നിരക്കിൽ സ്വാശ്രയ കോളേജുകളെ നിർബന്ധിക്കാനാവില്ല’

സാമ്പത്തിക സംവരണത്തിൽ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം; ‘സർക്കാർ ഫീസ് നിരക്കിൽ സ്വാശ്രയ കോളേജുകളെ നിർബന്ധിക്കാനാവില്ല’

by news_desk1
0 comments

ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ ചെയ്താൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ജനറൽ കാറ്റഗറിയിൽ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

പ്രതിവർഷം 19 ലക്ഷം രൂപ ട്യൂഷൻ ഫീസ് നൽകാൻ സാമ്പത്തിക ശേഷിയില്ലെന്നും സർക്കാർ മെഡിക്കൽ കോളേജുകളിലെ നിരക്കിൽ ഫീസ് ഈടാക്കാൻ കോളേജിന് നിർദേശം നൽകണമെന്നുമായിരുന്നു വിദ്യാർത്ഥിയുടെ ആവശ്യം.

സർക്കാർ കോളേജുകളും സ്വകാര്യ സ്വാശ്രയ കോളേജുകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ കോളേജുകൾക്ക് ഭരണകൂടത്തിൽ നിന്ന് വലിയ തോതിൽ സാമ്പത്തിക സഹായവും സബ്‌സിഡികളും ലഭിക്കുമ്പോൾ, സ്വകാര്യ കോളേജുകൾ തങ്ങളുടെ പ്രവർത്തനച്ചെലവുകൾ സ്വയം വഹിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഇരുവിഭാഗം സ്ഥാപനങ്ങളിലും ഒരേ ഫീസ് ഘടന വേണമെന്ന് ആവശ്യപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി ക്യാപിറ്റേഷൻ ഫീസ് ഈടാക്കുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്. അതുകൊണ്ട് ന്യായമായ രീതിയിൽ ഉയർന്ന ഫീസ് ഈടാക്കുന്നതിന് വിലക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെയും പങ്ക് നിർണായകമാണെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിച്ചാൽ ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തിന് കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെന്നും അർഹരായ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും സാമ്പത്തിക സഹായ പദ്ധതികളും പ്രയോജനപ്പെടുത്താമെന്നും കോടതി നിർദേശിച്ചു.

ഇഡബ്ല്യുഎസ് (EWS) സംവരണം പ്രവേശന ഘട്ടത്തിൽ മാത്രമുള്ള ആനുകൂല്യമാണെന്നും, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസിളവിന് അത് അർഹത നൽകുന്നില്ലെന്നുമുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

അതേസമയം, ഈ വിഷയത്തിലെ നിയമപരമായ വശങ്ങൾ ഭാവിയിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You may also like