Home Keralaഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കാണാതായ സംഭവം; സിജെഎം കോടതിയോട് വിശദീകരണം തേടി കൊച്ചി സിബിഐ കോടതി

ഫസല്‍ വധക്കേസ്: രക്തം പുരണ്ട തൂവാല കാണാതായ സംഭവം; സിജെഎം കോടതിയോട് വിശദീകരണം തേടി കൊച്ചി സിബിഐ കോടതി

by news_desk1
0 comments

തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയുടെ കസ്റ്റഡിയില്‍നിന്ന് കാണാതായ സംഭവത്തില്‍ കൊച്ചി സിബിഐ കോടതി വിശദീകരണം തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ അന്വേഷണ നടപടികളില്‍ തീരുമാനമെടുക്കും.

സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളുടെ കൂട്ടത്തിലാണ് രക്തം പുരണ്ട തൂവാല ഉണ്ടായിരുന്നത്. പിന്നീട് സീല്‍ ചെയ്ത കവറുമായി പ്രത്യേക സിബിഐ കോടതിയിലെത്തിയപ്പോഴാണ് തൂവാല കാണാനില്ലെന്ന് വ്യക്തമായത്. കവറിന് മുകളില്‍ തൂവാല ഇല്ലെന്നും എലി നശിപ്പിച്ചിരിക്കാമെന്നുമുള്ള കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

എന്നാല്‍ തൂവാല കാണാതായ സംഭവം കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിലപാട്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നേരത്തെ തന്നെ തെളിവായി രേഖപ്പെടുത്തിയതിനാല്‍ കേസിന്റെ അടിസ്ഥാന വസ്തുതകളില്‍ മാറ്റമില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

ധര്‍മ്മടം–അണ്ടല്ലൂര്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയ ഈ രക്തം പുരണ്ട തൂവാല കേസിലെ പ്രധാന തെളിവുകളിലൊന്നായി അന്വേഷണ സംഘം പരിഗണിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ തെളിവുകള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലേക്ക് ഇത് വിരല്‍ചൂണ്ടുന്നതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2006 ഒക്ടോബര്‍ 22ന് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി ഉള്‍പ്പെടെ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിന്റെ വിചാരണ തുടരുന്നതിനിടെയാണ് തൊണ്ടിമുതല്‍ കാണാതായ സംഭവം പുറത്തുവന്നത്.

You may also like