Home Top Storiesകോൺഗ്രസിൽ തെരുവ് പോര്; സതീശന്റെ ഫ്ലക്സിൽ തുപ്പിയും വേണുഗോപാലിന്റേതിൽ പെയിന്റടിച്ചും പ്രതിഷേധം, നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ

കോൺഗ്രസിൽ തെരുവ് പോര്; സതീശന്റെ ഫ്ലക്സിൽ തുപ്പിയും വേണുഗോപാലിന്റേതിൽ പെയിന്റടിച്ചും പ്രതിഷേധം, നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം അത്യന്തം വഷളാകുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ അനുകൂലികൾ തമ്മിലുള്ള പോര് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം വെള്ളയമ്പലത്ത് വി.ഡി. സതീശന്റെ ഫ്ലക്സിൽ തുപ്പി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ റിയാസിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. കെ.സി. വേണുഗോപാൽ പോലീസിന്റെ മർദ്ദനമേറ്റ് ചോര തുപ്പിയ കാലം മുതൽ തനിക്ക് അറിയാമെന്നും സതീശനെ അംഗീകരിക്കില്ലെന്നുമാണ് ഇയാളുടെ നിലപാട്.

അതേസമയം, മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ സ്പ്രേ പെയിന്റടിച്ച് നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി പുതിയ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ആർട്ടിഫിഷ്യൽ ചോയ്‌സിനെ കേരളം തിരിച്ചറിയുമെന്നും കോടികൾ മുടക്കി കൃത്രിമ ബുദ്ധിയാൽ പൊതുബോധം ഉണ്ടാക്കാമെന്നത് വ്യാമോഹമാണെന്നും’ സതീശനെ ലക്ഷ്യം വെച്ച് ഫ്ലക്സിൽ കുറിച്ചിരിക്കുന്നു. ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ലെന്ന പോസ്റ്ററുകളും സതീശന്റെ ബോർഡുകൾക്ക് മുകളിൽ പതിപ്പിച്ചിട്ടുണ്ട്.

ഗ്രൂപ്പ് വൈരം തെരുവിലേക്ക് പടരുന്നതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശന് ‘ടീം ജെൻസി’യുടെ നേതൃത്വത്തിൽ കേരള ഹൗസിൽ വൻ സ്വീകരണമാണ് നൽകിയത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് വീക്ഷിക്കുന്നത്. പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും തെരുവ് യുദ്ധം അവസാനിക്കുന്നില്ല.

You may also like