ന്യൂഡൽഹി: കേരളത്തിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക് പരിഹാരം കാണാനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കാനും നിർണായക നടപടികളുമായി സർക്കാർ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ വൈദ്യുതി ലഭ്യത, ഊർജസംഭരണം, പുനരുപയോഗ ഊർജം, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
എൻടിപിസിയുമായി നടത്തിയ ചർച്ചയിൽ പുതിയ കരാറുകൾ സംബന്ധിച്ച് ധാരണയിലെത്തി. കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാനാണ് പ്രധാന തീരുമാനം. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കും.
ഇതിന് പുറമെ പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതം ശേഷിയുള്ള BESS പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും ധാരണയായി.
സംസ്ഥാനത്തിന്റെ അടിയന്തര വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി കേരളത്തിന് ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാക്കുക.
കായംകുളത്ത് നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും പദ്ധതിക്ക് ആവശ്യമായ പൂർണ സംസ്ഥാന സഹകരണം നൽകാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്തിന് വേണ്ടി ഒരു സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാർ (PPA) ഒപ്പുവെക്കാൻ എൻടിപിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പദ്ധതികൾക്ക് പുറമെ കെഎസ്ഇബിയുടെ പ്രവർത്തനമികവ് ഉയർത്തുന്നതിനായി മാനേജ്മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയിൽ എൻടിപിസിയുടെ പ്രൊഫഷണൽ വൈദഗ്ധ്യവും സാങ്കേതിക പിന്തുണയും ലഭ്യമാക്കും.
പുനരുപയോഗ ഊർജം കാര്യക്ഷമമായി സംഭരിച്ച് ആവശ്യസമയത്ത് ഉപയോഗിക്കാനും പീക്ക് സമയങ്ങളിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും ഈ നടപടികൾ സംസ്ഥാനത്തിന് വലിയ കരുത്താകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
