അഹമ്മദാബാദ്: ഐപിഎൽ 2026 സീസണിലെ നിർണായക അവസാന ലീഗ് മത്സരത്തിന് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങും. പ്ലേ ഓഫ് സ്ഥാനം ഇതിനകം ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി 7.30ന് മത്സരം ആരംഭിക്കും.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ചെന്നൈയ്ക്ക് ജയം അനിവാര്യമായ സാഹചര്യത്തിലാണ് മത്സരം. എന്നിരുന്നാലും മറ്റു ടീമുകളുടെ ഫലങ്ങളും ചെന്നൈയുടെ സാധ്യതകളെ സ്വാധീനിക്കും. മറുവശത്ത് ഒന്നാം ക്വാളിഫയറിൽ സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്.
മത്സരത്തിന് മുന്നോടിയായി ആരാധകരുടെ പ്രധാന ചർച്ച എം എസ് ധോണിയുടെ സാന്നിധ്യമാണ്. വിരലിന് പരിക്കേറ്റ ധോണി ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ധോണി റാഞ്ചിയിലേക്ക് മടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചെന്നൈ പ്ലേ ഓഫിലെത്തുന്ന സാഹചര്യത്തിൽ ധോണി വീണ്ടും ടീമിനൊപ്പം ചേരുമെന്ന സൂചനകളും ഉയരുന്നുണ്ട്.
ചെന്നൈ നിരയിൽ സഞ്ജു സാംസണും റുതുരാജ് ഗെയ്ക്വാദും നൽകുന്ന തുടക്കം നിർണായകമാകും. പവർപ്ലേയിൽ ആക്രമണാത്മക പ്രകടനം പുറത്തെടുക്കാനായാൽ പിന്നാലെ എത്തുന്ന മധ്യനിരയ്ക്ക് മത്സരം നിയന്ത്രിക്കാൻ അവസരമൊരുങ്ങും. ബാറ്റിങ് നിരയുടെ പ്രകടനത്തിനൊപ്പം ബൗളിങ് യൂണിറ്റിന്റെയും മികവ് ചെന്നൈക്ക് നിർണായകമാകും.
ഗുജറാത്ത് നിരയിൽ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ എന്നിവരാണ് പ്രധാന കരുത്ത്. ബൗളിങിൽ കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവരും ടീമിന് ആത്മവിശ്വാസം നൽകുന്നു.
ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളിൽ നേരിയ മുൻതൂക്കം ഗുജറാത്തിനാണ്. ഒൻപത് മത്സരങ്ങളിൽ അഞ്ചിൽ ഗുജറാത്തും നാലിൽ ചെന്നൈയും വിജയം നേടിയിട്ടുണ്ട്. ഇന്ന് വിജയിച്ച് സീസൺ നീട്ടാനാകുമോ എന്നതാണ് ഇനി ചെന്നൈ ആരാധകർ കാത്തിരിക്കുന്നത്.

