കൊല്ലം: തെന്മലയിലെ വനപ്രദേശത്ത് മനുഷ്യാസ്ഥികൂടം കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. കാട്ടിൽ വിറക് ശേഖരിക്കാൻ പോയവരാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടത്.
തെന്മല ഡാം ജങ്ഷനു സമീപമുള്ള ഉന്നതിയോട് ചേർന്ന കാട്ടുപ്രദേശത്താണ് തലയോട്ടിയുള്‍പ്പെടെയുള്ള അസ്ഥികൾ കണ്ടെത്തിയത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതിനുപുറമെ സമീപത്തെ ഒരു മരത്തിൽ ദ്രവിച്ച നിലയിൽ തുണിത്തരവും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ച സംഭവമായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഒരു വർഷം മുൻപ് ഇതേ പ്രദേശത്ത് നിന്ന് ഒരാളെ കാണാതായ സംഭവവുമായി ബന്ധമുണ്ടാകാമെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്ത് പൊലീസും വനംവകുപ്പും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
