തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ കാണാതായ വിവരം ഭക്തർ ശ്രദ്ധിച്ചത്.
ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം നഷ്ടമായത്. തുടർന്ന് ഞായറാഴ്ച രാവിലെ ആറരയോടെ ദർശനത്തിനെത്തിയ ആയുർവേദ കോളേജിലെ വിരമിച്ച നഴ്സിന്റെ നാലര പവൻ സ്വർണമാലയും കാണാതായതായി പരാതിയുണ്ട്.
ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചെങ്കിലും പിന്നീട് കണ്ടെത്താനായില്ല. ഇതേ സമയം മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചതായി അധികൃതർ അറിയിച്ചു.
ശ്രീകോവിലിന് മുന്നിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമായിരുന്നുവെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസിന്റെ വിശദീകരണം. നഷ്ടപ്പെട്ട ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തതിനാൽ മോഷണശ്രമം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതിക്കാർ മടങ്ങിയശേഷമാണ് വിവരം ലഭിച്ചതിനാൽ മോഷണം നടന്ന കൃത്യമായ സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
