കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഒരു കോടി രൂപ വിലമതിക്കുന്ന 92 ഐഫോണുകളാണ് കവർന്നത്.
വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് കട പൂട്ടിയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഓണം സെയിലിനായി കടയിലെത്തിച്ച ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് അംഗങ്ങളും കടയിൽ പരിശോധന നടത്തി.
മോഷ്ടാക്കളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മോട്ടോർബൈക്കിൽ രണ്ട് പേർ കടയുടെ പരിസരത്ത് കറങ്ങിനടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, കടയിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. കടയിലെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ച നിലയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
