Home Kerala10 കോടി രൂപയുടെ ലഹരി; 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിൽ

10 കോടി രൂപയുടെ ലഹരി; 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിൽ

by news_desk1
0 comments

മലപ്പുറം: സംസ്ഥാനത്ത് വൻ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളായ മൂന്ന് പേർ കോയമ്പത്തൂരിൽ പിടിയിലായി. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് പിടിയിലായത്.

കോയമ്പത്തൂരിൽ നിന്നാണ് മലപ്പുറം പൊലീസ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിയുടെ വിപണി വില ഏകദേശം 10 കോടി രൂപയാണ്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പൊലീസ് അറിയിച്ചു.

കേരളത്തിലും പുറത്തും ഇവർ കഴിഞ്ഞ കുറേ നാളായി ലഹരി വിൽപ്പന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആഴ്ചകൾക്ക് മുമ്പ് മഞ്ചേരി ടൗണിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരി വിൽപ്പന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് കണ്ടെത്തി.

ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ സജ്ജീകരിച്ച് അതിനുള്ളിൽ ലഹരി ഒളിപ്പിച്ച് കടത്തുന്ന സംഘത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിൽ സംഘത്തിന്റെ ഇടത്താവളങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം നഗരങ്ങളിലാണ് ലഹരിയിടപാടുകൾ കൂടുതലായി നടക്കുന്നതെന്നും കണ്ടെത്തി.

തുടർന്നാണ് പ്രതികളെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന എംഡിഎംഎ പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നൽകുന്നതിനായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ പായ്ക്കറ്റുകളാക്കിയ നിലയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇന്നോവ കാറിന്റെ ഡോർ പാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.

കേരളത്തിലും തമിഴ്നാട്ടിലും യുവാക്കൾക്കിടയിൽ വിൽപ്പന നടത്താനായി എത്തിച്ച, ചില്ലറ വിപണിയിൽ 10 കോടിയിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് മലപ്പുറം ജില്ലാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്.

എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും ലഹരിക്കടത്ത് സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

You may also like