കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയിൽ അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സംഭവത്തിൽ വിശദീകരണം തേടുന്നതിനായി അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേക്ക് വിളിച്ചുവരുത്തി.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ക്രമക്കേടുകൾക്ക് ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണറുടെ അസാധാരണ നടപടി.
ഇന്നലെ അർധരാത്രിയാണ് കമ്മീഷണർ സീറാം സാംബശിവറാവു എക്സൈസ് വിജിലൻസ് ഓഫീസറോടൊപ്പം എസ്. അശോക് കുമാറിന്റെ വീട്ടിലെത്തിയത്. ബാർ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അശോക് കുമാറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.
പരിശോധനയ്ക്കിടെ ഡെപ്യൂട്ടി കമ്മീഷണറുടെ മൊബൈൽ ഫോൺ സംഘം കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ തന്നെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായാണ് സൂചന.
അശോക് കുമാറിന് പുറമെ കോട്ടയം ജില്ലയിലെ ഒരു റേഞ്ച് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണും എക്സൈസ് കമ്മീഷണർ പിടിച്ചെടുത്തു. നേരിട്ട് ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്ന് ഇരുവരും ഇന്ന് രാവിലെ തിരുവനന്തപുരത്തെ എക്സൈസ് കമ്മീഷണറേറ്റിലെത്തി. ഇരുവരുടെയും പ്രാഥമിക മൊഴി രേഖപ്പെടുത്തി.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗൗരവമായ വീഴ്ച സംഭവിച്ചതായി കമ്മീഷണർ കണ്ടെത്തിയെന്നാണ് വിവരം. ആദ്യഘട്ട നടപടിയായി ഇരുവർക്കുമെതിരെ ഇന്ന് തന്നെ സസ്പെൻഷൻ ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ കർശന നടപടികൾ സ്വീകരിക്കും.
ഇരുവരുടെയും മുൻകാല സർവീസ് ഹിസ്റ്ററി പരിശോധിക്കാനും എക്സൈസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.
