തൃശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട് നാല് മണിയോടെ നഗരവീഥികൾ പുലികളുടെ നിറപ്പകിട്ടിൽ നിറയും.
ഇത്തവണ 9 സംഘങ്ങളിലായി 450ഓളം പുലികളാണ് പുലിക്കളിക്കായി അണിനിരക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ വിവിധ സംഘങ്ങളിലെ പുലികൾ പുലിമടകളിൽ നിന്ന് നഗരത്തിലേക്ക് ഇറങ്ങും.
ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും. ഇതോടൊപ്പം വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ നഗരം ഇന്ന് പുലിക്കളിയുടെ ആവേശത്തിലാകും.
പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തൃശൂര്‍ നഗരാതിര്‍ത്തിയിലെ വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നീ ഒന്‍പത് ടീമുകളാണ് പുലികളിക്കെത്തുക. വരയന്‍ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികള്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും അണിനിരക്കും. വിയ്യൂര്‍ ദേശമാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാര്
