Home Kerala‘ഞാൻ ഒരു സമുദായത്തിനും എതിരല്ല; മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു’: വെള്ളാപ്പള്ളി നടേശൻ

‘ഞാൻ ഒരു സമുദായത്തിനും എതിരല്ല; മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു’: വെള്ളാപ്പള്ളി നടേശൻ

by news_desk1
0 comments

കണ്ണൂർ: സത്യം പറഞ്ഞതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരിട്ട് പറയുമെന്നും വളച്ചൊടിച്ച് സംസാരിക്കാൻ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെ പേരിലും മതത്തിന്റെ പേരിലും സംഘടിച്ചവരുണ്ടെന്നും മതത്തിന്റെ പേരിൽ സംഘടിച്ചവർ എവിടെയെത്തിയെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെയല്ല, മുസ്‌ലിം ലീഗിനെയാണ് വിമർശിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

10 വർഷം എൽഡിഎഫ് ഭരിച്ചതിന് കാരണം അത് നയിച്ചവരുടെ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പരാജയപ്പെട്ടത് ആരുടെ പ്രശ്‌നം കൊണ്ടാണെന്ന് പരിശോധിക്കണം. തന്റെ നിലപാടാണ് പ്രശ്‌നമെങ്കിൽ വടക്കൻ കേരളത്തിൽ ഇത്രയും വോട്ട് ലഭിച്ചത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

മുൻ സ്പീക്കർ എ.എൻ. ഷംസീറിന്റെ വിമർശനത്തിനും വെള്ളാപ്പള്ളി മറുപടി നൽകി. ഷംസീർ ഗണപതി മിത്താണെന്ന് പറഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തെന്നും ഇന്ന് അവർക്ക് നിയമസഭയിൽ ഭരിക്കാനുള്ള സീറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് നിന്ന് ഒരു ആവശ്യം ഉയർന്നാൽ ചട്ടവും നിയമവും ഉണ്ടാക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാത്രമല്ല, കാസർകോടും ഈഴവ സമുദായത്തിന് അർഹമായത് ലഭിക്കുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹിയായി ചിത്രീകരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

താൻ ജാതിയല്ല, നീതിയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറ്റ് സമുദായക്കാർ പറഞ്ഞാൽ അത് നീതിയായും തങ്ങൾ പറഞ്ഞാൽ ജാതിയായും കണക്കാക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സിയിൽ മുസ്‌ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവ സമുദായത്തെ തിരിഞ്ഞുനോക്കിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അന്നും ഇന്നും അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുന്ന രീതിയാണ് തുടരുന്നത്. എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജാതി സംവരണം നിലനിൽക്കുന്ന നാട്ടിൽ ജാതിയെക്കുറിച്ച് പറഞ്ഞാൽ അത് അപമാനമാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. തനിക്ക് അതിൽ അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാനൽ ചർച്ചകളിൽ തന്നെ സ്ഥിരമായി വിമർശിക്കാറുണ്ടെന്നും പത്മഭൂഷൺ ലഭിച്ചതിന്റെ പേരിലും പലതരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അതിനൊന്നും താൻ പ്രതികരിക്കാൻ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

You may also like