തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. പന്തലായനി മേഖലയിൽ ഇടിമിന്നലിനെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ എട്ട് മണിയോടെയാണ് പന്തലായനിയിൽ നാഗരാജന്റെ വീട്ടിൽ ഇടിമിന്നലേറ്റത്. സംഭവത്തിൽ ആളപായമില്ല. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 17ന് സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ മ്യാൻമർ തീരം, അതിനോട് ചേർന്ന വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ജൂൺ 18, 19 തീയതികളിൽ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്കുപടിഞ്ഞാറൻ അറബിക്കടൽ മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ജൂൺ 18ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാൻമർ തീരം ഉൾപ്പെടെയുള്ള ബംഗാൾ ഉൾക്കടൽ മേഖലകളിലും 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ജൂൺ 19ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി മേഖല, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം എന്നിവിടങ്ങളിലും സമാനമായ മുന്നറിയിപ്പ് നിലനിൽക്കുന്നു.
ജൂൺ 20, 21 തീയതികളിൽ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, ഗംഗാതീര പശ്ചിമ ബംഗാൾ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

