Home Keralaവിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപനയെന്ന് പരാതി; ഇൻഫ്ലുവൻസർ മിനു ജാസ്മിൻ അടക്കം നാലുപേർ പിടിയിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപനയെന്ന് പരാതി; ഇൻഫ്ലുവൻസർ മിനു ജാസ്മിൻ അടക്കം നാലുപേർ പിടിയിൽ

by news_desk1
0 comments

മലപ്പുറം: വേങ്ങര, മങ്കട മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിയിരുന്നുവെന്ന കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 10.5 ഗ്രാം എംഡിഎംഎയും ലഹരിവിൽപനയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തല–വേങ്ങര റോഡിൽ അക്ഷയ കേന്ദ്രത്തിന് മുന്നിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം സഞ്ചരിച്ച കാറിൽനിന്ന് പ്രതികളെ പിടികൂടിയത്. മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നായിരുന്നു നടപടി.

പ്രതികളിൽനിന്ന് 10.5 ഗ്രാം എംഡിഎംഎയ്ക്കു പുറമെ കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകൾ, ലഹരി തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, ചില്ലറ വിൽപനയ്ക്കുള്ള സിപ്പ്‌ലോക്ക് കവറുകൾ, ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന കാൽലക്ഷത്തോളം രൂപ എന്നിവയും പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ അനസ്, ഷബീർ, സജാദ് എന്നിവർക്കെതിരെ നേരത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ എംഡിഎംഎ വിൽപനയുമായും ഉപയോഗവുമായും ബന്ധപ്പെട്ട കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ ബി. ഷാജിമോൻ, എസ്‌ഐ സനൽ, എഎസ്ഐ സുഷമ എന്നിവരടങ്ങിയ സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

You may also like