ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ മാര്‍ക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ന്യൂഡല്‍ഹിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം, ക്വാഡ് കൂട്ടായ്മ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ഈ കൂടിക്കാഴ്ച ഇരുരാജ്യ ബന്ധത്തിലെ പുതിയ സഹകരണ സാധ്യതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജ്ജ സഹകരണം, മേഖലാ സുരക്ഷ, തന്ത്രപ്രധാന വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചകളില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെയ് 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതാണ് റൂബിയോയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്റെ വിദേശകാര്യ മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ കൊല്‍ക്കത്തയിലെത്തിയ മാര്‍ക്കോ റൂബിയോയെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദര്‍ ഹൗസിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. കൂടാതെ, കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടെ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്. ഇന്ത്യാ പര്യടനത്തിനിടെ ആഗ്രയും ജയ്പൂറും ഉള്‍പ്പെടെയുള്ള നഗരങ്ങളും സന്ദര്‍ശിക്കാനിടയുണ്ടെന്നാണ് വിവരം.

