Home Top Storiesമാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നിൽ, നാളെ വീണ വിജയന്റെ ഹാജരാകൽ നിർണായകം

മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നിൽ, നാളെ വീണ വിജയന്റെ ഹാജരാകൽ നിർണായകം

by news_desk1
0 comments

കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സി എം ആർ എൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്തയെയും മകൻ ശരൺ എസ് കർത്തയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തു. കർത്തയുടെ മകൾ ഷൈബി എസ് കർത്തയെ ഇന്നലെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭാര്യയെയും മകനെയും ഇഡി വിളിപ്പിച്ചത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് ജയ കർത്തയും ശരൺ എസ് കർത്തയും കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. സി എം ആർ എലിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടിയാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. സി എം ആർ എലുമായി ബന്ധപ്പെട്ട മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ചോദ്യം ചെയ്യൽ തുടരുമെന്നാണ് വിവരം.

എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുടെ മേധാവിയായ വീണ വിജയനോട് നാളെ വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഈ മാസം 12ന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം തേടുകയായിരുന്നു. മെഡിക്കൽ രേഖകൾ ഉൾപ്പെടെ നൽകിയ ഇമെയിലിന്റെ അടിസ്ഥാനത്തിൽ അഞ്ചുദിവസത്തെ സാവകാശമാണ് ഇഡി അനുവദിച്ചത്.

ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന സമർപ്പിക്കാമെന്ന നിർദേശം ഇഡി തള്ളിയിരുന്നു. സി എം ആർ എലിൽ നിന്ന് ലഭിച്ച പണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരാകാനാണ് നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന എസ് എഫ് ഐ ഒ കണ്ടെത്തലുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ സി എം ആർ എലിൽ നിന്ന് വീണ വിജയന് 2.78 കോടി രൂപയും എം പവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും ലഭിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നു. നാളെ വീണ വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് സൂചന.

You may also like